8
ശലോമോൻ യഹോവയുടെ ആലയവും തന്റെ രാജകൊട്ടാരവും ഇരുപതു സംവത്സരംകൊണ്ട് പണി തീർത്തു. ഹൂരാം ശലോമോന് കൊടുത്ത പട്ടണങ്ങളെ അവൻ പുതുക്കി പണിയുകയും അവിടെ യിസ്രായേല്യരെ പാർപ്പിക്കുകയും ചെയ്തു. അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ പിടിച്ചടക്കി; മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ സംഭാരനഗരങ്ങളും പണിയിച്ചു. ശലോമോൻ മുകളിലും താഴെയും ഉള്ള ബേത്ത്-ഹോരോൻ നഗരങ്ങൾ മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും ബാലാത്തും, സംഭാരനഗരങ്ങളും, രഥനഗരങ്ങളും, കുതിരപ്പടയാളികൾക്കുള്ള പട്ടണങ്ങളും, തുടങ്ങി യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലാടവും, അവൻ ആഗ്രഹിച്ചതൊക്കെയും പണിതു. യിസ്രായേലിൽ ഉൾപ്പെടാത്ത ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേലിൽ ഉൾപ്പെടാത്ത ശേഷിച്ച സകലജനത്തെയും യിസ്രായേല്യർ സംഹരിക്കാതെ ദേശത്ത് ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി. അത് ഇന്നുവരെ തുടരുന്നു യിസ്രായേല്യരിൽ നിന്ന് ശലോമോൻ ആരെയും തന്റെ വേലക്ക് ദാസന്മാരാക്കിയില്ല; അവരെ യോദ്ധാക്കളും സേനാനായകന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപന്മാരും ആയി നിയമിച്ചു. 10 ശലോമോൻരാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരും ഇരുനൂറ്റമ്പതുപേർ ആയിരുന്നു. 11 ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽ നിന്ന് താൻ അവൾക്കുവേണ്ടി പണിത കൊട്ടാരത്തിൽ കൊണ്ടുപോയി പാർപ്പിച്ചു “യിസ്രായേൽ രാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാര്യ പാർക്കരുത്; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അത് വിശുദ്ധമല്ലോ” എന്ന് അവൻ പറഞ്ഞു.
12 താൻ മണ്ഡപത്തിനു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ ശലോമോൻ 13 മോശെയുടെ കല്പനപ്രകാരം, ശബ്ബത്തുകളിൽ, അമാവാസികളിൽ, ഉത്സവങ്ങളിൽ, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ, വാരോത്സവത്തിൽ, കൂടാരങ്ങളുടെ ഉത്സവത്തിൽ ഇങ്ങനെ ആണ്ടിൽ മൂന്നുപ്രാവശ്യം, ആവശ്യാനുസരണം യഹോവയ്ക്ക് ഹോമയാഗങ്ങൾ കഴിച്ചുപോന്നു. 14 അവൻ പുരോഹിതന്മാരെ ഗണങ്ങളായി തിരിച്ച് അവരുടെ ശുശ്രൂഷക്ക് നിയമിച്ചു. അതത് ദിവസത്തെ ആവശ്യംപോലെ, സ്തോത്രം ചെയ്‌വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരേയും നിയമിച്ചു. കൂടാതെ വാതിൽകാവല്ക്കാരെ ഓരോ വാതിലിനും നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന. 15 ഭണ്ഡാരത്തെക്കുറിച്ചും, മറ്റ് ഏതു കാര്യത്തെക്കുറിച്ചും ഉള്ള രാജകല്പന പുരോഹിതന്മാരും, ലേവ്യരും വിട്ടുമാറിയില്ല. 16 യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ട നാൾമുതൽ അത് തീരുംവരെ ശലോമോൻ തന്റെ പ്രവർത്തി ഒക്കെയും ക്രമമായി ചെയ്തു. അങ്ങനെ യഹോവയുടെ ആലയത്തിന്റെ പണി പൂർത്തിയായി.
17 അതിന് ശേഷം ശലോമോൻ ഏദോംദേശത്ത് കടല്ക്കരയിലുള്ള എസ്യോൻ-ഗേബെരിലേക്കും ഏലോത്തിലേക്കും പോയി. 18 ഹൂരാം തന്റെ ദാസന്മാർ മുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്ന് നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.