15
1 യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാ രാജാവായ അമസ്യാവിന്റെ മകൻ അസര്യാവ് രാജാവായി. 2 അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് പതിനാറ് വയസ്സായിരുന്നു; അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു; യെരൂശലേംകാരിയായ അവന്റെ അമ്മയ്ക്ക് യെഖോല്യാ എന്ന് പേരായിരുന്നു. 3 അവൻ തന്റെ അപ്പനായ അമസ്യാവിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു. 4 എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു. 5 എന്നാൽ യഹോവ കുഷ്ഠരോഗത്താൽ ഈ രാജാവിനെ ബാധിച്ചു. അവൻ ജീവപര്യന്തം കുഷ്ഠരോഗിയായി ജീവിച്ചതിനാൽ ഒരു പ്രത്യേകശാലയിൽ പാർപ്പിച്ചിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്ക് വിചാരകനായി ദേശത്തെ ജനത്തിന് ന്യായപാലനം ചെയ്തു. 6 അസര്യാവിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 7 അസര്യാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ അവനെ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന് പകരം രാജാവായി.
8 യെഹൂദാ രാജാവായ അസര്യാവിന്റെ മുപ്പത്തെട്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ സെഖര്യാവ് യിസ്രായേലിന് രാജാവായി ശമര്യയിൽ ആറ് മാസം വാണു. 9 അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല. 10 യാബേശിന്റെ മകനായ ശല്ലൂം അവനെതിരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവെച്ച് അവനെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി. 11 സെഖര്യാവിന്റെ മറ്റ് വൃത്താന്തങ്ങൾ യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 12 യഹോവ യേഹൂവിനോട്: “നിന്റെ പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.
13 യെഹൂദാ രാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം രാജാവായി; ശമര്യയിൽ ഒരു മാസം വാണു. 14 എന്നാൽ ഗാദിയുടെ മകനായ മെനഹേം തിർസയിൽനിന്നു പുറപ്പെട്ട് ശമര്യയിൽ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമര്യയിൽവെച്ച് വെട്ടിക്കൊന്ന് അവന് പകരം രാജാവായി. 15 ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
16 മെനഹേം, തിപ്സഹും അതിലുള്ള സകലവും, തിർസ്സാതൊട്ട് അതിനോട് ചേർന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവർ പട്ടണവാതിൽ തുറന്നു കൊടുക്കായ്കയാൽ അവൻ അതിനെ ശൂന്യമാക്കുകയും അതിലെ ഗർഭിണികളുടെ ഉദരം പിളർന്നുകളകയും ചെയ്തു. 17 യെഹൂദാ രാജാവായ അസര്യാവിന്റെ വാഴ്ചയുടെ * അസര്യാവിന്റെ വാഴ്ചയുടെ അസര്യാവും ഉസ്സീയാവും ഒരാള്‍ തന്നെ മുപ്പത്തൊമ്പതാം ആണ്ടിൽ ഗാദിയുടെ മകൻ മെനഹേം യിസ്രായേലിന് രാജാവായി; ശമര്യയിൽ പത്തു സംവത്സരം വാണു. 18 അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ ജീവപര്യന്തം വിട്ടുമാറിയതുമില്ല. 19 അശ്ശൂർ രാജാവായ പൂൽ ദേശത്തെ ആക്രമിച്ചു; പൂൽ, തന്നെ സഹായിക്കേണ്ടതിനും രാജത്വം തനിക്ക് ഉറപ്പിക്കേണ്ടതിനുമായി, മെനഹേം അവന് ഏകദേശം 34,000 കിലോഗ്രാം വെള്ളി† ഏകദേശം 34,000 കിലോഗ്രാം വെള്ളി ആയിരം താലന്ത് വെള്ളി കൊടുത്തു. 20 അശ്ശൂർ രാജാവിന് കൊടുക്കുവാൻ മെനഹേം ഈ പണം യിസ്രായേലിലെ ധനവാന്മാരോട് ഏകദേശം 570 ഗ്രാം‡ ഏകദേശം 570 ഗ്രാം അമ്പത് ശേക്കെൽ വെള്ളിവീതം പിരിച്ചെടുത്തു; അങ്ങനെ അശ്ശൂർ രാജാവ് ദേശത്ത് താമസം ഉറപ്പിക്കാതെ മടങ്ങിപ്പോയി. 21 മെനഹേമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 22 മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവ് അവന് പകരം രാജാവായി.
23 യെഹൂദാ രാജാവായ ഉസ്സീയാവിന്റെ അമ്പതാം ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവ് യിസ്രായേലിന് രാജാവായി; ശമര്യയിൽ രണ്ട് സംവത്സരം വാണു. 24 അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ വിട്ടുമാറിയതുമില്ല. 25 എന്നാൽ അവന്റെ അകമ്പടിനായകനായ രെമല്യാവിന്റെ മകൻ പേക്കഹ്, അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. അവൻ ഗിലെയാദ്യരിൽ അമ്പതുപേരുടെ സഹായത്തോടുകൂടി ശമര്യാരാജധാനിയുടെ കോട്ടയിൽവെച്ച് അവനെ അർഗ്ഗോബിനോടും അര്യേയോടുംകൂടെ വെട്ടിക്കൊന്ന് അവന് പകരം രാജാവായി. 26 പെക്കഹ്യാവിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
27 യെഹൂദാ രാജാവായ അസര്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന് രാജാവായി ശമര്യയിൽ ഇരുപത് സംവത്സരം വാണു. 28 അവൻ യഹോവക്കു അനിഷ്ടമായത് ചെയ്തു, യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങൾ വിട്ടുമാറിയതുമില്ല. 29 യിസ്രായേൽ രാജാവായ പേക്കഹിന്റെ കാലത്ത് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കാദേശും ഹാസോരും ഗിലെയാദും ഗലീലയും നഫ്താലിദേശം മുഴുവനും പിടിച്ചടക്കി നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്ക് കൊണ്ടുപോയി. 30 എന്നാൽ ഏലാവിന്റെ മകനായ ഹോശേയ, രെമല്യാവിന്റെ മകനായ പേക്കഹിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്ന് അവന് പകരം രാജാവായി. 31 പേക്കഹിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്ത സകലതും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
32 യിസ്രായേൽ രാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടിൽ യെഹൂദാ രാജാവായ ഉസ്സീയാവിന്റെ മകൻ യോഥാം രാജാവായി. 33 അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറ് സംവത്സരം വാണു; അവന്റെ അമ്മക്ക് യെരൂശാ എന്ന് പേരായിരുന്നു; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു. 34 അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവ് ചെയ്തതുപോലെ ഒക്കെയും ചെയ്തു. 35 എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവൻ യഹോവയുടെ ആലയത്തിന്റെ മുകളിലുള്ള വാതിൽ പണിതു. 36 യോഥാമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 37 ആ കാലത്ത് യഹോവ അരാം രാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദക്കുനേരെ അയച്ചു തുടങ്ങി. 38 യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന് പകരം രാജാവായി.