4
കൃപ നിറഞ്ഞ ക്രിസ്തീയ ജീവിതത്തിനായുള്ള ഉപദേശങ്ങൾ
1 യജമാനന്മാരേ, നിങ്ങൾക്കും സ്വർഗ്ഗത്തിൽ ഒരു യജമാനനായ ദൈവം ഉണ്ട് എന്നറിഞ്ഞ് ദാസന്മാർക്ക് നീതിയായതും ന്യായമായതും നൽകുവിൻ.
2 പ്രാർത്ഥനയിൽ ഉറ്റിരിക്കുവിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ. 3 എനിക്ക് ബന്ധനകാരണമായ ക്രിസ്തുവിന്റെ മർമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്ക് വചനത്തിന്റെ വാതിൽ തുറന്നുതരികയും 4 ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുവിൻ. 5 സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ട് അവിശ്വാസികളോടു ജ്ഞാനത്തോടെ പെരുമാറുവിൻ. 6 ഓരോരുത്തനോട് നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിന് നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.
7 എന്റെ അവസ്ഥ ഒക്കെയും കർത്താവിൽ പ്രിയ സഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോട് അറിയിക്കും. 8 നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിയുവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ പ്രോത്സാഹിപ്പിക്കുവാനുമായി 9 ഞാൻ അവനെ നിങ്ങളിൽ ഒരുവനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവർ നിങ്ങളോട് അറിയിക്കും.
10 എന്റെ സഹതടവുകാരനായ അരിസ്തർഹൊസും ബർന്നബാസിന്റെ ബന്ധുവായ മർക്കൊസും — അവനെക്കുറിച്ച് നിങ്ങൾക്ക് കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ — 11 യുസ്തൊസ് എന്ന് പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; യഹൂദവിശ്വാസികളില് ഇവർ മൂവരും മാത്രം ദൈവരാജ്യത്തിന് കൂട്ടുവേലക്കാരായിട്ട് എനിക്ക് ആശ്വാസമായിത്തീർന്നു. 12 നിങ്ങളിൽ ഒരുവനായ ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികവുള്ളവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നില്ക്കേണ്ടതിന് അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കുവേണ്ടി എപ്പോഴും പോരാടുന്നു. 13 നിങ്ങൾക്കും ലവുദിക്യപട്ടണത്തിലും ഹിയരപൊലിപട്ടണത്തിലുമുള്ള വിശ്വാസികള്ക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന് ഞാൻ സാക്ഷി.
അഭിവാദനങ്ങൾ
14 വൈദ്യനായ പ്രിയ ലൂക്കോസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു. 15 ലവുദിക്യയിലെ സഹോദരന്മാർക്കും നുംഫെയ്ക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിൻ. 16 നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ച് തീർന്നശേഷം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കുകയും ലവുദിക്യയിൽനിന്നുള്ളത് നിങ്ങളും വായിക്കുകയും ചെയ്വിൻ. 17 അർക്കിപ്പൊസിനോട് കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്ന് പറവിൻ.
18 പൗലൊസായ എന്റെ സ്വന്തകയ്യാലെ അഭിവാദനം; എന്റെ ബന്ധനങ്ങളെ ഓർത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.