2
ജനതകൾ കലഹിക്കുന്നതും
വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?
യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി
ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും
അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്:
“നാം അവരുടെ കെട്ടുകൾ പൊട്ടിച്ച്
അവരുടെ കയറുകൾ എറിഞ്ഞുകളയുക”.
സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;
കർത്താവ് അവരെ പരിഹസിക്കുന്നു.
അന്ന് അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും;
ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
“എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ
ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”.
ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു;
യഹോവ എന്നോട് അരുളിച്ചെയ്തത്:
“നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
എന്നോട് ചോദിച്ചുകൊള്ളുക;
ഞാൻ നിനക്ക് ജനതകളെ അവകാശമായും
ഭൂമിയുടെ അറുതികളെ കൈവശമായും തരും;
ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;
കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും”.
10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ;
ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവിൻ.
11 ഭയത്തോടെ യഹോവയെ സേവിക്കുവിൻ;
വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ.
12 ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു
നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ.
ദൈവത്തിന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ.
ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.