12
1 യേഹൂവിന്റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ചതുടങ്ങി; അവൻ യെരൂശലേമിൽ നാല്പത് സംവത്സരം വാണു. ബേർ-ശേബക്കാരത്തിയായ സിബ്യാ ആയിരുന്നു അവന്റെ അമ്മ. 2 യെഹോയാദാ പുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്ത് അവൻ യഹോവയ്ക്ക് ഇഷ്ടമായുള്ളത് ചെയ്തു. 3 എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
4 യെഹോവാശ് പുരോഹിതന്മാരോട്: “യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന പണമെല്ലാം ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ പണവും 5 ഓരോ പുരോഹിതനും താന്താന്റെ പരിചയക്കാരോട് വാങ്ങി ആലയത്തിന് കേടുപാട് കാണുന്നിടത്തൊക്കെ അറ്റകുറ്റം തീർക്കണം” എന്ന് കല്പിച്ചു. 6 എന്നാൽ യെഹോവാശ്‌രാജാവിന്റെ ഇരുപത്തിമൂന്നാം ആണ്ടിലും പുരോഹിതന്മാർ ആലയത്തിന്റെ അറ്റകുറ്റം തീർത്തിട്ടില്ലായിരുന്നു. 7 ആകയാൽ യെഹോവാശ്‌രാജാവ് യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോട്: “നിങ്ങൾ ആലയത്തിന്റെ അറ്റകുറ്റം തീർക്കാതിരിക്കുന്നത് എന്തുകൊണ്ട്? ഇനി നിങ്ങൾ നിങ്ങളുടെ പരിചയക്കാരോട് പണം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന് പണം കൊടുക്കുവിൻ” എന്ന് പറഞ്ഞു. 8 അങ്ങനെ പുരോഹിതന്മാർ മേലാൽ ജനത്തോട് പണം വാങ്ങുകയോ ആലയത്തിന്റെ അറ്റകുറ്റം തീർക്കുകയോ ചെയ്യാതിരിപ്പാൻ സമ്മതിച്ചു. 9 അപ്പോൾ യെഹോയാദാ പുരോഹിതൻ ഒരു പേടകം എടുത്ത് അതിന്റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തുഭാഗത്ത് വെച്ചു; വാതിൽ കാക്കുന്ന പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കു വരുന്ന പണം എല്ലാം അതിൽ ഇടും. 10 പെട്ടിയിൽ പണം വളരെയായി എന്ന് കാണുമ്പോൾ രാജാവിന്റെ ഉദ്യോഗസ്ഥനും മഹാപുരോഹിതനും കൂടെ യഹോവയുടെ ആലയത്തിൽ കണ്ട പണം എണ്ണി സഞ്ചികളിൽ കെട്ടിവെക്കും. 11 അവർ പണം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന മേൽവിചാരകന്മാരുടെ പക്കൽ തൂക്കിക്കൊടുക്കും; അവർ അത് യഹോവയുടെ ആലയത്തിൽ പണിചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും 12 കല്പണിക്കാർക്കും കല്ലുവെട്ടുകാർക്കും ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ട മരവും ചെത്തിയ കല്ലും വാങ്ങുന്നതിനും ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ട മറ്റ് ചെലവുകൾക്കായും കൊടുക്കും. 13 യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ പണം കൊണ്ട് വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം തുടങ്ങി പൊന്നും വെള്ളിയും കൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയത്തിനായി ഉണ്ടാക്കാതെ 14 പണിചെയ്യുന്നവർക്കു മാത്രം അത് കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കും. 15 എന്നാൽ പണിചെയ്യുന്നവർക്ക് കൊടുക്കണ്ടതിന് പണം ഏറ്റുവാങ്ങിയവരോട് അവർ കണക്ക് ചോദിച്ചില്ല; വിശ്വസ്തതയോടെ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നത്. 16 അകൃത്യയാഗത്തിന്റെ പണവും പാപയാഗത്തിന്റെ പണവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അത് പുരോഹിതന്മാർക്കുള്ളതായിരുന്നു.
17 ആ കാലത്ത് അരാം രാജാവായ ഹസായേൽ യുദ്ധത്തിനായി പുറപ്പെട്ട് ഗത്ത് പിടിച്ചടക്കി; അനന്തരം ഹസായേൽ യെരൂശലേമിന്റെ നേരേ ദൃഷ്ടി വെച്ചു. 18 യെഹൂദാ രാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവ് എന്നീ യെഹൂദാരാജാക്കന്മാർ നിവേദിച്ചിരുന്ന സകലവസ്തുക്കളും താൻ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നും എടുത്ത് അരാം രാജാവായ ഹസായേലിന് കൊടുത്തയച്ചു; അങ്ങനെ അവൻ യെരൂശലേമിനെ ആക്രമിക്കാതെ വിട്ടുപോയി. 19 യോവാശിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 20 യോവാശിന്റെ ഭൃത്യന്മാർ അവനോട് മത്സരിച്ച് അവനെതിരെ കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിയിലുള്ള മില്ലോ ഗൃഹത്തിൽവെച്ച് അവനെ കൊന്നു. 21 ശിമെയാത്തിന്റെ മകനായ യോസാഖാർ, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അവനെ വെട്ടിക്കൊന്നത്. ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവ് അവന് പകരം രാജാവായിതീർന്നു.