17
1 പിന്നീട് അഹീഥോഫെൽ അബ്ശാലോമിനോട് പറഞ്ഞത്: “ഞാൻ പന്ത്രണ്ടായിരം പേരെ തിരഞ്ഞെടുത്ത്, ഇന്ന് രാത്രി തന്നെ ദാവീദിനെ പിന്തുടരട്ടെ. 2 ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ച് ഭയപ്പെടുത്തും; അപ്പോൾ അവനോടുകൂടിയുള്ള ജനമെല്ലാവരും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും. 3 പിന്നെ ഞാൻ സകലജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ കൊല്ലാൻ അന്വേഷിക്കുന്ന മനുഷ്യൻ ഒഴികെ എല്ലാവരും മടങ്ങിവരുമ്പോൾ സകലജനവും സമാധാനത്തോടെ ഇരിക്കും”. 4 ഈ വാക്കു അബ്ശാലോമിനും യിസ്രായേൽമൂപ്പന്മാർക്കും വളരെ ബോധിച്ചു.
5 എന്നാൽ അബ്ശാലോം: “അർഖ്യനായ ഹൂശായിയെയും വിളിക്കുക; അവന്റെ അഭിപ്രായവും കേൾക്കാമല്ലോ” എന്നു പറഞ്ഞു. 6 ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോട്: “അഹീഥോഫെൽ ഞങ്ങൾക്കുതന്ന ഉപദേശം ഇതാണ്; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറയുക” എന്നു പറഞ്ഞു. 7 ഹൂശായി അബ്ശാലോമിനോട് പറഞ്ഞത്: “അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നല്ലതല്ല. 8 നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും, കാട്ടിൽ കുട്ടികൾ കവർച്ച ചെയ്യപ്പെട്ട അമ്മക്കരടിയെപ്പോലെ കോപാകുലരും ആകുന്നു എന്ന് നീ അറിയുന്നുവല്ലോ. നിന്റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടി രാത്രിപാർക്കുകയില്ല. 9 അവൻ ഇപ്പോൾ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കുകയായിരിക്കും; ആദ്യം തന്നെ ഇവരിൽ ചിലർ പട്ടുപോയാൽ അത് കേൾക്കുന്ന എല്ലാവരും ‘അബ്ശാലോമിന്റെ പക്ഷക്കാരിൽ സംഹാരമുണ്ടായി’ എന്നു പറയും. 10 അപ്പോൾ സിംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനുംകൂടെ പൂർണ്ണമായി ഉരുകിപ്പോകും; നിന്റെ അപ്പൻ വീരനും അവനോടുകൂടിയുള്ളവർ ശൂരന്മാരും എന്നു എല്ലാ യിസ്രായേലും അറിയുന്നു. 11 അതുകൊണ്ട് ഞാൻ പറയുന്ന ആലോചന എന്തെന്നാൽ: ദാൻ മുതൽ ബേർ-ശേബവരെ കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കൽ ഒന്നിച്ച് കൂടുകയും നീ തന്നെ യുദ്ധത്തിന് പോകുകയും വേണം. 12 ദാവീദിനെ കാണുന്ന ഇടത്തുവച്ച് നമ്മൾ അവനെ ആക്രമിച്ച് മഞ്ഞ് നിലത്ത് പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നുവീഴും; പിന്നെ അവനാകട്ടെ അവനോട് കൂടെയുള്ള എല്ലാവരിലും യാതൊരുത്തൻ പോലും ആകട്ടെ ശേഷിക്കുകയില്ല. 13 അവൻ ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന് കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും ശേഷിക്കാത്തവിധം ആ പട്ടണത്തെ നദിയിൽ വലിച്ചിട്ടുകളയും”. 14 അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: “അഹീഥോഫെലിന്റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായിയുടെ ആലോചന നല്ലത്” എന്നു പറഞ്ഞു. അബ്ശാലോമിന് അനർത്ഥം വരേണ്ടതിന് അഹീഥോഫെലിന്റെ നല്ല ആലോചനയെ പരാജയപ്പെടുത്തുവാൻ യഹോവ നിശ്ചയിച്ചിരുന്നു.
15 പിന്നീട് ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും: “അഹീഥോഫെൽ അബ്ശാലോമിനോടും യിസ്രായേൽമൂപ്പന്മാരോടും ഇപ്രകാരം ആലോചന പറഞ്ഞു; ഇപ്രകാരമെല്ലാം ഞാനും ആലോചന പറഞ്ഞിരിക്കുന്നു. 16 ആകയാൽ നിങ്ങൾ വേഗത്തിൽ ആളയച്ച്: ‘ഈ രാത്രി മരുഭൂമിയിലേക്കുള്ള പ്രവേശനത്തിങ്കൽ താമസിക്കരുത്; രാജാവിനും കൂടെയുള്ള സകലജനത്തിനും നാശം വരാതിരിക്കേണ്ടതിന് ഏത് വിധത്തിലും അക്കരെ കടന്നുപോകണം’ എന്ന് ദാവീദിനെ അറിയിക്കുവിൻ” എന്നു പറഞ്ഞു. 17 എന്നാൽ യോനാഥാനും അഹീമാസും പട്ടണത്തിൽ ചെന്ന് സ്വയം പ്രത്യക്ഷരാകാൻ പാടില്ലാതിരുന്നതുകൊണ്ട് ഏൻ-രോഗേലിനരികിൽ കാത്തുനില്ക്കും; ഒരു വേലക്കാരി ചെന്ന് അവരെ അറിയിക്കുകയും അവർ ചെന്ന് ദാവീദ് രാജാവിനെ അറിയിക്കുകയും ചെയ്യും; 18 എന്നാൽ ഒരു ബാലൻ അവരെ കണ്ടിട്ട് അബ്ശാലോമിന് അറിവുകൊടുത്തു. അതുകൊണ്ട് അവർ ഇരുവരും വേഗം പോയി ബഹൂരീമിൽ ഒരു ആളിന്റെ വീട്ടിൽ കയറി; അവന്റെ മുറ്റത്ത് ഒരു കിണർ ഉണ്ടായിരുന്നു; അവർ അതിൽ ഇറങ്ങി. 19 ഗൃഹനായിക മൂടുവിരി എടുത്ത് കിണറിന്റെ മുകളിൽ വിരിച്ചു അതിൽ ധാന്യം നിരത്തി; ഇങ്ങനെ കാര്യം അറിയുവാൻ ഇടയായില്ല. 20 അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ വന്നപ്പോൾ അഹീമാസും യോനാഥാനും എവിടെ എന്ന് അവർ ചോദിച്ചതിന്: “അവർ അരുവി കടന്നുപോയി” എന്ന് സ്ത്രീ പറഞ്ഞു. അവർ അന്വേഷിച്ചിട്ട് കാണായ്കയാൽ യെരൂശലേമിലേക്ക് മടങ്ങിപ്പോയി. 21 അവർ പോയശേഷം അവർ കിണറ്റിൽനിന്ന് കയറിച്ചെന്ന് ദാവീദ് രാജാവിനെ അറിയിച്ചു: “നിങ്ങൾ എഴുന്നേറ്റ് വേഗം നദികടന്നു പോകുവിൻ; ഇപ്രകാരമെല്ലാം അഹീഥോഫെൽ നിങ്ങൾക്ക് വിരോധമായി ആലോചന പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. 22 ഉടനെ ദാവീദും കൂടെയുള്ള ജനങ്ങളും എഴുന്നേറ്റ് യോർദ്ദാൻ കടന്നു; നേരം പുലരുമ്പോൾ യോർദ്ദാൻ കടക്കാതെ ഒരുവൻപോലും ശേഷിച്ചില്ല. 23 എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്ത് ജീനിയിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്ക് ചെന്ന് വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.
24 പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനങ്ങളും യോർദ്ദാൻ കടന്നു. 25 അബ്ശാലോം യോവാബിന് പകരം അമാസയെ സേനാധിപതി ആക്കി; അമാസ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിസ്രായേല്യൻ* യിസ്രായേല്യൻ യിശ്മായേല്യൻ വന്നിട്ട് ഉണ്ടായ മകൻ ആയിരുന്നു. 26 എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്ദേശത്ത് പാളയമിറങ്ങി.
27 ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്ന് നാഹാശിന്റെ മകൻ ശോബി, ലോദെബാരിൽനിന്ന് അമ്മീയേലിന്റെ മകൻ മാഖീർ, രോഗെലീമിൽനിന്ന് ഗിലെയാദ്യൻ ബർസില്ലായി എന്നിവർ 28-29 കിടക്കകളും കിണ്ണങ്ങളും മൺപാത്രങ്ങളും ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിക്കുവാൻ ഗോതമ്പ്, യവം, മാവ്, മലർ, അമരക്ക, പയർ, പരിപ്പ്, തേൻ, വെണ്ണ, ആട്, പശുവിൻ പാല്ക്കട്ട എന്നിവയും കൊണ്ടുവന്നു; “ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ക്ഷീണിച്ചും ഇരിക്കുമല്ലോ” എന്ന് അവർ പറഞ്ഞു.