4
1 അതിന് മോശെ: “അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്ക് കേൾക്കാതെയും: ‘യഹോവ നിനക്ക് പ്രത്യക്ഷനായിട്ടില്ല’ എന്ന് പറയും” എന്നുത്തരം പറഞ്ഞു. 2 യഹോവ അവനോട്: “നിന്റെ കയ്യിൽ ഇരിക്കുന്നത് എന്ത്?” എന്ന് ചോദിച്ചു. “ഒരു വടി” എന്ന് അവൻ പറഞ്ഞു. 3 “അത് നിലത്തിടുക” എന്ന് കല്പിച്ചു. അവൻ നിലത്തിട്ടു; അത് ഒരു സർപ്പമായിത്തീർന്നു; മോശെ അതിനെ കണ്ട് ഓടിപ്പോയി. 4 യഹോവ മോശെയോട്: “നിന്റെ കൈ നീട്ടി അതിന്റെ വാലിൽ പിടിക്കുക” എന്ന് കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അത് അവന്റെ കയ്യിൽ വടിയായിത്തീർന്നു. 5 “ഇത് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് പ്രത്യക്ഷനായി എന്ന് അവർ വിശ്വസിക്കേണ്ടതിന് ആകുന്നു”. 6 യഹോവ പിന്നെയും അവനോട്: “നിന്റെ കൈ മാറിടത്തിൽ ഇടുക” എന്ന് കല്പിച്ചു. അവൻ കൈ മാറിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോൾ കൈ മഞ്ഞുപോലെ വെളുത്ത് കുഷ്ഠമുള്ളതായി കണ്ടു. 7 “നിന്റെ കൈ വീണ്ടും മാറിടത്തിൽ ഇടുക” എന്ന് കല്പിച്ചു. അവൻ കൈ വീണ്ടും മാറിടത്തിൽ ഇട്ടു, മാറിടത്തിൽനിന്ന് പുറത്തെടുത്തപ്പോൾ, അത് വീണ്ടും അവന്റെ ശരീരത്തിന്റെ മാംസംപോലെ ആയി കണ്ടു. 8 എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം സമ്മതിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും. 9 ഈ രണ്ടടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്ക് കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളംകോരി ഉണങ്ങിയ നിലത്ത് ഒഴിക്കണം; നദിയിൽ നിന്ന് കോരിയ വെള്ളം ഉണങ്ങിയ നിലത്ത് രക്തമായിത്തീരും. 10 മോശെ യഹോവയോട്: “കർത്താവേ, നീ അടിയനോട് സംസാരിച്ചതിന് മുമ്പും അതിനുശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്ന് പറഞ്ഞു. 11 അതിന് യഹോവ അവനോട്: “മനുഷ്യന് വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; 12 ഞാൻ നിന്റെ വായോടുകൂടെ ഇരുന്ന് നീ സംസാരിക്കേണ്ടത് നിനക്ക് ഉപദേശിച്ചു തരും” എന്ന് അരുളിച്ചെയ്തു. 13 എന്നാൽ മോശെ: “കർത്താവേ, നിനക്ക് പ്രിയമുള്ള മറ്റാരെയെങ്കിലും അയയ്ക്കണമേ” എന്ന് പറഞ്ഞു. 14 അപ്പോൾ യഹോവ മോശെയുടെ നേരെ കോപിച്ച് പറഞ്ഞത്: “ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവൻ നല്ലവണ്ണം സംസാരിക്കുമെന്ന് ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും. 15 നീ അവനോട് സംസാരിച്ച് അവന് വാക്ക് പറഞ്ഞുകൊടുക്കണം. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടി ഇരിക്കും; നിങ്ങൾ ചെയ്യേണ്ടത് ഉപദേശിച്ചു തരും. 16 നിനക്ക് പകരം അവൻ ജനത്തോട് സംസാരിക്കും; അവൻ നിനക്ക് വായായിരിക്കും, നീ അവന് ദൈവവും ആയിരിക്കും. 17 അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന് ഈ വടിയും നിന്റെ കയ്യിൽ എടുത്തുകൊൾള്ളുക. 18 പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്ന് അവനോട്: “ഞാൻ പുറപ്പെട്ട്, ഈജിപ്റ്റിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്, അവർ ജീവനോടിരിക്കുന്നുവോ” എന്ന് നോക്കട്ടെ എന്ന് പറഞ്ഞു. യിത്രോ മോശെയോട്: “സമാധാനത്തോടെ പോകുക” എന്ന് പറഞ്ഞു. 19 യഹോവ മിദ്യാനിൽവച്ച് മോശെയോട്: “ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുക; നിന്നെ കൊല്ലുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി” എന്ന് അരുളിച്ചെയ്തു. 20 അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്ത് കയറ്റി ഈജിപ്റ്റിലേക്ക് മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു. 21 യഹോവ മോശെയോട് അരുളിച്ചെയ്തത്: “നീ ഈജിപ്റ്റിൽ എത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്‍പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്യുവാൻ ഓർത്തുകൊള്ളുക; എന്നാൽ അവൻ ജനത്തെ വിട്ടയയ്ക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. 22 നീ ഫറവോനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നെ. 23 എനിക്ക് ശുശ്രൂഷ ചെയ്യുവാൻ എന്റെ പുത്രനെ വിട്ടയയ്ക്കണമെന്ന് ഞാൻ നിന്നോട് കല്പിക്കുന്നു; അവനെ വിട്ടയയ്ക്കുവാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നെ കൊന്നുകളയും” എന്ന് പറയുക. 24 എന്നാൽ വഴിയിൽ * സത്രം - യാത്രാമദ്ധ്യേ താമസിക്കുവാനുള്ള സ്ഥലംസത്രത്തിൽവച്ച് യഹോവ അവനെ എതിരിട്ട് കൊല്ലുവാൻ ഭാവിച്ചു. 25 അപ്പോൾ സിപ്പോറാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം മുറിച്ച് അവന്റെ കാൽക്കൽ ഇട്ടു: “നീ എനിക്ക് രക്തമണവാളൻ” എന്ന് പറഞ്ഞു. 26 ഇങ്ങനെ യഹോവ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്ത് ആകുന്നു അവൾ പരിച്ഛേദന നിമിത്തം “നീ എനിക്ക് രക്തമണവാളൻ” എന്ന് പറഞ്ഞത്.
27 എന്നാൽ യഹോവ അഹരോനോട്: “നീ മരുഭൂമിയിൽ മോശെയെ എതിരേല്ക്കുവാൻ ചെല്ലുക” എന്ന് കല്പിച്ചു; അവൻ ചെന്ന് ദൈവത്തിന്റെ പർവ്വതത്തിൽവച്ച് അവനെ എതിരേറ്റ് ചുംബിച്ചു. 28 യഹോവ തന്നെ ഏല്പിച്ച് അയച്ച വചനങ്ങളൊക്കെയും തന്നോട് കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു. 29 പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽ മക്കളുടെ മൂപ്പന്മാരെ ഒക്കെയും കൂട്ടിവരുത്തി. 30 യഹോവ മോശെയോട് കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവർത്തിച്ചു. 31 അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽ മക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കണ്ടു എന്നും കേട്ടിട്ട് അവർ കുമ്പിട്ട് നമസ്കരിച്ചു.