ഹഗ്ഗായി
ഗ്രന്ഥകര്‍ത്താവ്
ഹഗ്ഗായി പ്രവാചകൻ ആണ് ഇതിൻറെ എഴുത്തുകാരൻ യഹൂദ ജനത്തിനുള്ള നാല് സന്ദേശങ്ങളാണ് പ്രവാചകന് രേഖപ്പെടുത്തിയിരിക്കുന്നത്. ഹഗ്ഗാ. 2:3 പ്രകാരം പ്രവാചകൻ വിശാലമായ യെരുശലേം ദൈവാലയം അതിന്റെ നാശത്തിനു മുൻപ് കണ്ടതാണ്. പ്രവാസത്തിലിരിക്കുമ്പോള്‍ വൃദ്ധനായ താൻ ദേശത്തിന്റെ പഴയ മഹത്വത്തെ ഓർക്കുകയും തന്റെ ജനം ചാരങ്ങൾക്കിടയിൽനിന്ന് ഉയർത്തെഴുന്നേൽക്കുകയും ദേശം പഴയ മഹത്വത്തിലേക്ക് മടങ്ങിവരുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു 520.
ബാബിലോണി പ്രവാസത്തിനു ശേഷം എഴുതപ്പെട്ട പുസ്തകമാണ്.
സ്വീകര്‍ത്താവ്
പ്രവാസത്തിൽ നിന്നും മടങ്ങി വന്നവരും യെരുശലേമിൽ പാർക്കുന്നവരും ആയ യഹൂദജനം.
ഉദ്ദേശം
ഈ പുസ്തകത്തിലെ പ്രധാന ഉദ്ദേശ്യങ്ങൾ, പ്രവാസത്തിൽ നിന്നും മടങ്ങിവന്ന ജനത്തെ യെരുശലേം ദൈവാലയത്തിന്റെ പുനർനിർമ്മാണം രാജ്യത്തിന്‍റെ ഒരു പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് എന്നും അത് അവരുടെ വിശ്വാസത്തിന്റെ പ്രകടമായ ഒരു ഉദ്യമം ആയിരിക്കുമെന്നും, അതുമൂലം യഹോവ തങ്ങളെ ഉയര്‍ത്തുകയും ആലയവും ആരാധനയും പുനസ്ഥാപിക്കുക വഴി അനുഗ്രഹം ദേശത്തിന്മേല്‍ വരുമെന്നു ജനത്തെ ഉത്സാഹിപ്പിക്കുക.
പ്രമേയം
ദൈവാലയ പുനര്‍നിർമ്മാണം
സംക്ഷേപം
1. ദൈവാലയം നിർമ്മിക്കാനുള്ള ആഹ്വാനം — 1:1-15
2. കർത്താവിൽ ധൈര്യപ്പെടുക — 2:1-9
3. ജീവിതവിശുദ്ധിക്കുള്ള ആഹ്വാനം — 2:10-19
4. ഭാവിയെക്കുറിച്ചുള്ള ആത്മവിശ്വാസം — 2:20-23
1
ദാര്യാവേശ്‌ രാജാവ് ഭരണം തുടങ്ങിയതിന്റെ രണ്ടാം വർഷം ആറാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് ഹഗ്ഗായി പ്രവാചകൻമുഖാന്തരം യെഹൂദാദേശാധിപതിയായ ശെയല്ത്തീയേലിന്റെ മകനായ സെരുബ്ബാബേലിനും മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവക്കും ഉണ്ടായത്: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിയുവാനുള്ള കാലം വന്നിട്ടില്ലെന്ന് ഈ ജനം പറയുന്നുവല്ലോ”. ഹഗ്ഗായിപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായത്: “ഈ ആലയം ശൂന്യമായിരിക്കുമ്പോൾ നിങ്ങൾ തട്ടിട്ട വീടുകളിൽ പാർക്കുവാൻ കാലമായോ?” ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ വളരെ വിതച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും തൃപ്തരാകുന്നില്ല; പാനം ചെയ്തിട്ടും തൃപ്തി വരുന്നില്ല. വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു”. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ മലയിൽ ചെന്ന് മരം കൊണ്ടുവന്ന് ആലയം പണിയുവിൻ; ഞാൻ അതിൽ പ്രസാദിച്ച് മഹത്വപ്പെടും” എന്ന് യഹോവ കല്പിക്കുന്നു. “നിങ്ങൾ അധികം കിട്ടുമെന്ന് കാത്തിരുന്നു; എന്നാൽ അത് അല്പമായ്തീർന്നു; നിങ്ങൾ അത് വീട്ടിൽ കൊണ്ടുവന്നു; ഞാനോ അത് ഊതിക്കളഞ്ഞു; അതെന്തുകൊണ്ട്? എന്റെ ആലയം ശൂന്യമായ്ക്കിടക്കുകയും നിങ്ങൾ ഓരോരുത്തനും അവനവന്റെ വീട്ടിലേക്ക് ഓടുകയും ചെയ്യുന്നതുകൊണ്ട് തന്നെ” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 10 അതുകൊണ്ട് നിങ്ങൾ കാരണം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി വിളവ് നൽകുന്നുമില്ല. 11 ഞാൻ ദേശത്തിലും മലകളിലും ധാന്യത്തിലും വീഞ്ഞിലും എണ്ണയിലും നിലത്തെ വിളവിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യരുടെ എല്ലാ പ്രവർത്തനങ്ങളിലും വരൾച്ച വരുത്തിയിരിക്കുന്നു.
12 അങ്ങനെ ശെയല്ത്തീയേലിന്റെ മകനായ സെരുബ്ബാബേലും, മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയും, യിസ്രായേല്‍ ജനത്തിൽ ശേഷിച്ചവരും* യിസ്രായേല്‍ ജനത്തിൽ ശേഷിച്ചവരും ബാബിലോന്‍ പ്രവാസത്തില്‍ നിന്ന് മടങ്ങി വന്നവര്‍ അവരുടെ ദൈവമായ യഹോവയുടെ വാക്കും, അവരുടെ ദൈവമായ യഹോവയുടെ നിയോഗപ്രകാരം അയച്ച ഹഗ്ഗായി പ്രവാചകന്റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു. 13 അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂത് ജനത്തോട് ഇപ്രകാരം അറിയിച്ചു: “ഞാൻ നിങ്ങളോട് കൂടി ഉണ്ട് എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു. 14 യഹോവ യെഹൂദാദേശാധിപതിയായ ശെയല്ത്തീയേലിന്റെ മകനായ സെരുബ്ബാബേലിന്റെ മനസ്സും മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിച്ചവരുടെ മനസ്സും ഉണർത്തി; അവർ വന്ന് അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ വേലചെയ്തു. 15 ദാര്യാവേശ്‌ രാജാവ് ഭരണം തുടങ്ങിയതിന്റെ രണ്ടാം വർഷം ആറാം മാസം, ഇരുപത്തിനാലാം തീയതി ആയിരുന്നു അത്.

*1. 12 യിസ്രായേല്‍ ജനത്തിൽ ശേഷിച്ചവരും ബാബിലോന്‍ പ്രവാസത്തില്‍ നിന്ന് മടങ്ങി വന്നവര്‍