2
1 “ ‘ആരെങ്കിലും യഹോവയ്ക്കു ഭോജനയാഗമായ വഴിപാട് കഴിക്കുമ്പോൾ അവന്റെ വഴിപാട് നേരിയ മാവ് ആയിരിക്കണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടണം. 2 അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അവൻ അത് കൊണ്ടുവരണം. പുരോഹിതൻ മാവും എണ്ണയും ഒരു കൈ നിറച്ചു കുന്തുരുക്കം മുഴുവനും എടുക്കണം; പുരോഹിതൻ അത് സ്മരണാംശമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം. 3 എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.
4 “ ‘അടുപ്പത്തുവച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അത് നേരിയ മാവു കൊണ്ടുണ്ടാക്കിയ എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണപുരട്ടിയ പുളിപ്പില്ലാത്ത പപ്പടങ്ങളോ ആയിരിക്കണം. 5 നിന്റെ വഴിപാട് ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നു എങ്കിൽ അത് എണ്ണചേർത്ത പുളിപ്പില്ലാത്ത നേരിയമാവുകൊണ്ട് ആയിരിക്കണം. 6 അത് കഷണംകഷണമായി നുറുക്കി അതിന്മേൽ എണ്ണ ഒഴിക്കണം; അത് ഭോജനയാഗം. 7 നിന്റെ വഴിപാട് ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണചേർത്ത നേരിയമാവുകൊണ്ട് ഉണ്ടാക്കണം. 8 ഇവകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവയ്ക്കു കൊണ്ടുവരണം; അത് പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അത് യാഗപീഠത്തിങ്കൽ കൊണ്ടുപോകുകയും വേണം. 9 പുരോഹിതൻ ഭോജനയാഗത്തിന്റെ സ്മരണാംശം എടുത്തു യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കണം. 10 ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം; അത് യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം. 11 നിങ്ങൾ യഹോവയ്ക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുത്; പുളിപ്പുള്ളതും യാതൊരു വക തേനും യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കരുത്. 12 അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. എങ്കിലും സൗരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ ദഹിപ്പിക്കരുത്. 13 നിന്റെ ഭോജനയാഗത്തിനു ഒക്കെയും ഉപ്പ് ചേർക്കണം* ഉപ്പ് ചേർക്കണം ഉപ്പിന്റെ ഉടമ്പടി - ദൈവവും യിസ്രായേല്‍ ജനവുമായുള്ള ഉടമ്പടിയുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പ് ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പ് ചേർക്കേണം.
14 “ ‘നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ വറുത്ത് പുതിയതായി ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കണം. 15 അതിന്മേൽ എണ്ണ ഒഴിച്ച് അതിൻമീതെ കുന്തുരുക്കവും ഇടണം; അത് ഒരു ഭോജനയാഗം. 16 ഉതിർത്ത മണിയിലും എണ്ണയിലും അല്പവും കുന്തുരുക്കം മുഴുവനും പുരോഹിതൻ സ്മരണാംശമായി ദഹിപ്പിക്കണം; അത് യഹോവയ്ക്ക് ഒരു ദഹനയാഗം.
*2. 13 ഉപ്പ് ചേർക്കണം ഉപ്പിന്റെ ഉടമ്പടി - ദൈവവും യിസ്രായേല്‍ ജനവുമായുള്ള ഉടമ്പടിയുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു