മീഖാ
ഗ്രന്ഥകര്‍ത്താവ്
മീഖാ പ്രവാചകനാണ്എഴുത്തുകാരന്. ഗ്രാമീണനായ ഈ പ്രവാചകൻ, അധാർമികതയും വിഗ്രഹാരാധനയും കൊടികുത്തിവാഴുന്ന സമൂഹത്തിന്റെ മേല്‍ വരുന്ന ദൈവകോപത്തിന്റെ ന്യായവിധിയെക്കുറിച്ചുള്ള പ്രവചനവുമായി നഗരത്തിലേക്ക് അയക്കപ്പെടുന്നു. കർഷകരുടെ ഇടയിൽനിന്നും വന്നതായ പ്രവാചകൻ രാജ്യത്തിന്‍റെ അപരിഷ്കൃതമായ ഇടങ്ങളിലുള്ള ജീവിത രീതിയെ കുറിച്ച് വ്യക്തമായ അറിവുള്ള താന്‍ സമൂഹത്തിൽ തിരസ്കൃതരായവരുടെ പ്രശ്നങ്ങളെപ്പറ്റി ശ്രദ്ധാലുവയിരുന്നു. യേശുക്രിസ്തുവിനെ ജനനത്തെക്കുറിച്ച് വളരെ പ്രാധാന്യത്തോടെയുള്ള പരാമര്‍ശങ്ങളില്‍ അവൻറെ ജനനം ബേതലഹേമിൽ ആയിരിക്കുമെന്ന് ഏതാണ്ട് 700 വർഷം മുമ്പ് മീഖ പ്രവചിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം കി. മു. 730-650.
വടക്കൻ ഇസ്രായേലിന്റെ പതനത്തിന് മുൻപാണ് മീഖാ ഈ പ്രവചനത്തിന്റെ പലഭാഗങ്ങളും എഴുതിയിട്ടുള്ളത്. മറ്റു ഭാഗങ്ങൾ ബാബിലോണിയൻ പ്രവാസ കാലത്തോ അല്ലെങ്കിൽ പ്രവാസത്തിനുശേഷമോ എഴുതപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
സ്വീകര്‍ത്താവ്
യിസ്രായേലിനെയും യെഹൂദയെയും പരാമർശിച്ചുകൊണ്ടാണ് മീഖയുടെ പ്രവചനങ്ങൾ.
ഉദ്ദേശം
രണ്ടു പ്രാധാന പ്രവചനങ്ങൾ ഈ പുസ്തകത്തിലുണ്ട് ഒന്ന് ഇസ്രായേലിന്റെയും യഹൂദയുടെയും ന്യായവിധി മറ്റൊന്ന് സഹസ്രാബ്ദ വാഴ്ചയിൽ ദൈവജനത്തെ പുനസ്ഥാപിക്കുന്നതും. ദൈവം തന്റെ പ്രവർത്തിയെ ജനത്തിന് ബോധ്യപ്പെടുത്തി കൊടുക്കുന്നു. അവർ അവനെ മറന്നുവെങ്കിലും ദൈവം കൈവിടുന്നില്ല.
പ്രമേയം
ദിവ്യ ന്യായവിധി.
സംക്ഷേപം
1. ന്യായവിധിക്കായി ദൈവം വരുന്നു — 1:1-2:13
2 നാശത്തിന്റെ സന്ദേശം — 3:1-5:15
3. ശിക്ഷയുടെ സന്ദേശം — 6:1-7:10
4. ഉപസംഹാരം — 7:11-20
1
1 യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖക്കു ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയും കുറിച്ച് ദർശിച്ചതുമായ യഹോവയുടെ അരുളപ്പാട്. 2 സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ; ഭൂമിയും അതിലുള്ള സകല നിവാസികളുമായുള്ളവരേ, ചെവിക്കൊള്ളുവിൻ; യഹോവയായ കർത്താവ്, തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവ് തന്നെ, നിങ്ങൾക്ക് വിരോധമായി സാക്ഷിയായിരിക്കട്ടെ. 3 യഹോവ തന്റെ സ്ഥലത്തുനിന്ന് പുറപ്പെട്ട് ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു. 4 തീയുടെ മുമ്പിൽ മെഴുകുപോലെയും മലഞ്ചരുവിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു. 5 ഇതൊക്കെയും യാക്കോബിന്റെ അതിക്രമംനിമിത്തവും യിസ്രായേൽ ഗൃഹത്തിന്റെ പാപങ്ങൾനിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യയല്ലയോ? യെഹൂദയുടെ പൂജാഗിരികൾ ഏവ? 6 യെരൂശലേം അല്ലയോ? അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നു പോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാൻ അതിന്റെ കല്ല് താഴ്വരയിലേക്ക് തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ തുറക്കുമാറാക്കുകയും ചെയ്യും. 7 അതിലെ സകലവിഗ്രഹങ്ങളും തകർന്നുപോകും; അതിന്റെ സകലവേശ്യാസമ്മാനങ്ങളും തീ പിടിച്ചുവെന്തുപോകും; അതിലെ സകലബിംബങ്ങളെയും ഞാൻ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലയോ അവൾ അത് സ്വരൂപിച്ചത്; അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും. 8 അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും; ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്, ഒട്ടകപ്പക്ഷികളെപ്പോലെ കരയും. 9 അവളുടെ മുറിവ് സുഖപ്പെടാത്തതല്ലയോ; അത് യെഹൂദയോളം വന്ന്, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു. 10 അത് ഗത്തിൽ പ്രസ്താവിക്കരുത്; ഒട്ടും കരയരുത്; ബേത്ത്-അഫ്രയിൽ (പൊടിവീട്) ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു. 11 ശാഫീർ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ട് കടന്നുപോകുവിൻ; സയനാൻ (പുറപ്പാട്) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല; ബേത്ത്-ഏസെലിന്റെ വിലാപം നിങ്ങൾക്ക് അവിടെ താമസിക്കുവാൻ മുടക്കമാകും. 12 യഹോവയുടെ പക്കൽനിന്ന് യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കുകയാൽ മാരോത്ത് (കയ്പ്) നിവാസികൾ നന്മയ്ക്കായി കാത്ത് വിങ്ങിപ്പൊട്ടുന്നു. 13 ലാക്കീശ് (ത്വരിത) നഗരനിവാസികളേ, കുതിരകളെ രഥത്തിനു കെട്ടുവിൻ; അവർ സീയോൻപുത്രിക്ക് പാപകാരണമായ്ത്തീർന്നു; യിസ്രായേലിന്റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു. 14 അതുകൊണ്ട് നീ മോരേശെത്ത്-ഗത്തിന് ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകൾ യിസ്രായേൽരാജാക്കന്മാരെ നിരാശരാക്കും. 15 മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുവനെ ഞാൻ നിങ്ങളുടെനേരെ വരുത്തും; യിസ്രായേലിന്റെ നായകന്മാര്‍* നായകന്മാര്‍ മഹത്തുക്കൾ അദുല്ലാം വരെ പോകേണ്ടിവരും. 16 നിന്റെ ഓമനക്കുഞ്ഞുങ്ങൾനിമിത്തം നിന്നെത്തന്നെ ക്ഷൗരം ചെയ്ത് മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവർ നിന്നെ വിട്ട് പ്രവാസത്തിലേക്ക് പോയല്ലോ.