രൂത്ത്
ഗ്രന്ഥകര്‍ത്താവ്
എഴുത്തുകാരനെകുറിച്ച് പുസ്തകത്തില്‍ പ്രത്യേക പരാമര്‍ശങ്ങളൊന്നും തന്നെയില്ല ശമുവേല്‍ പ്രവാചകൻ ആണ് ഈ പുസ്തകത്തിന്‍റെ എഴുത്തുകാരനെന്ന പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു എഴുതപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ കഥ എന്നാണ് ഈ പുസ്തകത്തെ വിളിച്ചുവരുന്നത് പുസ്തകത്തിന്‍റെ അവസാനഭാഗത്ത് രൂത്തിന്റെ പൌത്രനാണ് ദാവീദ് എന്ന പരാമർശം ഉള്ളതിനാൽ ഇത് താൻ രാജ സ്ഥാനത്തേക്ക് അഭിഷിക്തൻ ആയതിനുശേഷം എഴുതപ്പെട്ടതാണ് എന്നനുമാനിക്കാം.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 1,030 - 1,010.
കാലഗണന പ്രകാരം പുറപ്പാടിന്റെ കാലവുമായി സാമ്യമുണ്ടെങ്കിലും സംഭവങ്ങളുടെ പശ്ചാത്തലം ന്യായധിപന്മാരുടെ കാലവുമായി ഒത്തു പോകുന്നുണ്ട്.
സ്വീകര്‍ത്താവ്
ഈ പുസ്തകം ആർക്കുവേണ്ടി എഴുതപ്പെട്ടു എന്നുള്ളതിനെക്കുറിച്ച് സ്പഷ്ടമായ തെളിവുകളൊന്നും തന്നെയില്ല എന്നാൽ ദാവീദിനെനെക്കുറിച്ചുള്ള പരാമർശമുള്ളതിനാൽ രാജഭരണകാലത്ത് എഴുതപ്പെട്ടു. 4:22.
ഉദ്ദേശം
അനുസരണം നേടിത്തരുന്ന നന്മകളെക്കുറിച്ച് ഇസ്രായേൽ ജനത്തിന് ബോധ്യപ്പെടുത്തി കൊടുക്കുക. വിശ്വസ്തനും സ്നേഹവാനായ ദൈവത്തിൻറെ പ്രകൃതിയെ വെളിപ്പെടുത്തുക. തൻറെ ജനത്തിന്‍റെ നിലവിളിക്ക് മറുപടി തരുന്ന ദൈവമാണ് എന്ന് ഈ പുസ്തകം ഉറപ്പിക്കുന്നു തൻറെ ഉടമ്പടികളെ അക്ഷരംപ്രതി പാലിക്കുന്നവന് ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട വിധവകളായ നവോമിക്കും രൂത്തിനും ദൈവം സംരക്ഷണം നൽകുന്നു അതിനാല് സമൂഹത്തിൽ തിരസ്കൃരായവരെ പരിപാലിക്കുന്ന ദൈവമെന്നും അത് പരസ്പരം ചെയ്യുവാന്‍ മനുഷ്യരെ ആഹ്വാനം ചെയ്യുന്നു. (യിരെമ്യ. 22:16, യാക്കോ 1:27).
പ്രമേയം
വീണ്ടെടുപ്പ്
സംക്ഷേപം
1. നവോമിയും കുടുംബവും നേരിട്ട ദുരന്തങ്ങള്‍ — 1:1-22
2. നവോമിയുടെ ചാര്ച്ചക്കാരനായ ബോവസിനെ രൂത്ത് വയലില്‍ വച്ചു കണ്ടുമുട്ടുന്നു — 2:1-23
3. നവോമി രൂത്തിനെ ബോവാസിന്റെ അടുക്കലേക്ക് അയക്കുന്നു — 3:1-18
4. രൂത്തിന്റെ വീണ്ടെടുപ്പ്, നവോമിയുടെ യഥാസ്ഥാനം — 4:1-22
1
ന്യായാധിപന്മാർ യിസ്രയേലിൽ ഭരണം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്-ലേഹേമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‌ദേശത്ത് പാർപ്പാൻ പോയി. അവൻ ബേത്ത്-ലേഹേമിൽ നിന്നുള്ള എഫ്രാത്യനായ എലീമേലെക്ക് ആയിരുന്നു. ഭാര്യക്കു നൊവൊമി എന്നും പുത്രന്മാർക്കു മഹ്ലോൻ എന്നും കില്യോൻ എന്നും പേർ. അവർ മോവാബ്‌ദേശത്ത് ചെന്നു അവിടെ താമസിച്ചു. അനന്തരം നൊവൊമിയുടെ ഭർത്താവായ എലീമേലെക്ക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു. പുത്രന്മാർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു. പിന്നെ മഹ്ലോനും കില്യോനും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരുടെയും ഭർത്താവിന്റെയും മരണശേഷം ആ സ്ത്രീ മാത്രം ശേഷിച്ചു. പിന്നീട് യഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തവിധം അവൾ മോവാബ്‌ദേശത്തുവെച്ചു കേട്ടു. അങ്ങനെ അവൾ മരുമക്കളോടുകൂടെ മോവാബ്‌ദേശം വിട്ടു മടങ്ങിപ്പോകുവാൻ ഒരുങ്ങി. അങ്ങനെ അവൾ മരുമക്കളുമായി താമസസ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി. അപ്പോൾ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ അമ്മയുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും കരുണ ചെയ്യുമാറാകട്ടെ. നിങ്ങൾ വിവാഹിതരായി, ഓരോരുത്തരും തങ്ങളുടെ ഭർത്താവിന്റെ ഭവനത്തിൽ ആശ്വാസം പ്രാപിക്കേണ്ടതിന് യഹോവ നിങ്ങൾക്ക് കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു. 10 അവർ അവളോടു: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു. 11 അതിന് നൊവൊമി പറഞ്ഞത്: എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; എന്തിന് എന്നോടുകൂടെ പോരുന്നു? നിങ്ങൾക്ക് ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ? 12 എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; ഒരു ഭർത്താവിനെ സ്വീകരിക്കുവാൻ എനിക്ക് പ്രായം കടന്നുപോയി; അല്ല, അങ്ങനെ ഞാൻ ആശിച്ചിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന് ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും 13 അവർക്ക് പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾക്ക് ഭർത്താക്കന്മാർ ഇല്ലാതിരിപ്പാൻ സാധിക്കുമോ? എന്റെ മക്കളേ അത് വേണ്ട; യഹോവയുടെ കൈ എനിക്ക് വിരോധമായി പുറപ്പെട്ടിരിക്കുകയാൽ നിങ്ങളെ ഓർത്ത് ഞാൻ വളരെ വ്യസനിക്കുന്നു. 14 അവർ പിന്നെയും ഉച്ചത്തിൽ കരഞ്ഞു; ഒർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളെ വിട്ടുപിരിയാതെനിന്നു. 15 അപ്പോൾ അവൾ: നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്മാരുടെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും അങ്ങനെ തന്നെ പൊയ്ക്കൊൾക എന്നു പറഞ്ഞു. 16 അതിന് രൂത്ത്: നിന്നെ വിട്ടുപിരിഞ്ഞു മടങ്ങിപ്പോകുവാൻ എന്നോട് പറയരുതേ; നീ പോകുന്നിടത്ത് ഞാനും പോകും; നീ പാർക്കുന്നേടത്ത് ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. 17 നീ മരിച്ച് അടക്കപ്പെടുന്നേടത്ത് വരുംകാലത്ത് ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ എന്നെ അധികമായി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു. 18 തന്നോടുകൂടെ പോരുവാൻ അവൾ ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നത് മതിയാക്കി. 19 അങ്ങനെ അവർ രണ്ടുപേരും ബേത്ത്-ലേഹേമിൽ എത്തിച്ചേർന്നു; അപ്പോൾ പട്ടണത്തിലുള്ള ജനം മുഴുവനും അവരെ കണ്ടു അതിശയിച്ചു; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു. 20 അവൾ അവരോടു പറഞ്ഞത്: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോട് ഏറ്റവും കയ്പായി ഇടപെട്ടിരിക്കുന്നു. 21 ഞാൻ എല്ലാം ഉള്ളവളായി പോയി, ഒന്നുമില്ലാത്തവളായി യഹോവ എന്നെ മടക്കി വരുത്തിയിരിക്കുന്നു; യഹോവ എനിക്ക് വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നത് എന്ത്? 22 ഇങ്ങനെ നൊവൊമിയും മോവാബ്യസ്ത്രീയായ രൂത്ത് എന്ന മരുമകളും കൂടി മോവാബ് ദേശത്തു നിന്നു യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്-ലേഹേമിൽ എത്തി.