സങ്കീ.. 33. നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ; സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?. കിന്നരം കൊണ്ട് യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; പത്തു കമ്പിയുള്ള വീണകൊണ്ട് കർത്താവിന് സ്തുതിപാടുവിൻ. കർത്താവിന് പുതിയ പാട്ടുപാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ. യഹോവയുടെ വചനം നേരുള്ളത്; കർത്താവിന്റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു. യഹോവയുടെ വചനത്താൽ ആകാശവും അവിടുത്തെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; കർത്താവ് സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു; അവിടുന്ന് ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു. സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവിടുത്തെ ശങ്കിക്കട്ടെ. കർത്താവ് അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു; അവിടുന്ന് കല്പിച്ചു; എല്ലാം പ്രത്യക്ഷമായി. യഹോവ ജനതതികളുടെ ആലോചന വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു. യഹോവയുടെ ആലോചന ശാശ്വതമായും അവിടുത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു. യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും അവിടുന്ന് തനിക്ക് അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്. യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു; മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു. അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന് സർവ്വഭൂവാസികളെയും നോക്കുന്നു. കർത്താവ് അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികൾ സകലവും അവിടുന്ന് ഗ്രഹിക്കുന്നു. സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; ബലാധിക്യം കൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല. ജയത്തിന് കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യം കൊണ്ട് അത് വിടുവിക്കുന്നതുമില്ല. യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ. നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവിടുന്ന് നമ്മുടെ സഹായവും പരിചയും ആകുന്നു. കർത്താവിന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ നമ്മുടെ ഹൃദയം അങ്ങയിൽ സന്തോഷിക്കും. യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെ അങ്ങയുടെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.