സങ്കീ.. 136. യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലോ; അവിടുത്തെ ദയ എന്നേക്കുമുള്ളത്. ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്. കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്. ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ച ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. അവരുടെ ഇടയിൽനിന്ന് യിസ്രായേൽ ജനത്തെ പുറപ്പെടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്. ചെങ്കടലിനെ രണ്ടായി വിഭാഗിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ട ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്. മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. അമോര്യരുടെ രാജാവായ സീഹോനെയും - അവിടുത്തെ ദയ എന്നേക്കുമുള്ളത്. ബാശാൻരാജാവായ ഓഗിനെയും - അവിടുത്തെ ദയ എന്നേക്കുമുള്ളത്. അവരുടെ ദേശം അവകാശമായി കൊടുത്തു - അവിടുത്തെ ദയ എന്നേക്കുമുള്ളത്. തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്. നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്ത ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. സകലജഡത്തിനും ആഹാരം കൊടുക്കുന്ന ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്. സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.